Pages

അനുഭവങ്ങള്‍ പാച്ചാളികള്‍

2007 ലെ മാര്‍ച്ച് മാസം.
+2 കഴിഞ്ഞ് ഇനിയെന്ത് എന്ന് ചിന്തിച്ച് മേപ്പോട്ടും നോക്കി നിന്നിരുന്ന സമയം. പത്രത്തില്‍ ഒരു പരസ്യത്തില്‍ കണ്ട നമ്പറി ലേക്ക് വിളിച്ചു നോക്കി. മഞ്ചേരിയിലെ മുട്ടിപ്പാലം എന്ന സ്ഥലത്ത് ലൈഫ്സിറ്റി എന്ന ഡയറക്റ്റ് മാര്‍ക്കെറ്റിംഗ് സ്ഥാപനത്തില്‍ നിന്നായിരുന്നു പരസ്യം. ജോലി എന്തായിരിക്കും എങ്ങനെ ആയിരിക്കും എന്നെല്ലാം അറിയാന്‍ വേണ്ടി ഞാനും ഷാഹിദും എക്സാം കഴിഞ്ഞ ഇടവേളയില്‍ വണ്ടി കയറി. ചെന്നപ്പോള്‍ നല്ല സ്വീകരണം, തേനൊലിപ്പിച്ച സംസാരം, തല കറങ്ങി വീഴുന്ന വാഗ്ദാനങ്ങള്‍ .. രണ്ടും കല്‍പ്പിച്ച് പരീക്ഷ കഴിഞ്ഞ ഉടനെ മഞ്ചേരിക്ക് വീണ്ടും വണ്ടി കയറി. അന്ന് മൂവായിരം രൂപയായിരുന്നു ശമ്പളം പറഞ്ഞിരുന്നത്. അന്നത്തെ മൂവായിരത്തിന് ഇന്നത്തെ എട്ടായിരത്തിന്‍റെ പകിട്ടുണ്ട്. സ്വപ്നം കാണുന്നതില്‍ പണ്ടേ മുന്‍പന്തിയിലായിരുന്ന ഞാനും ഷാഹിയും അധികമൊന്നും ആലോചിക്കാതെ തന്നെ ജോലിയില്‍ പ്രവേശിച്ചു.
രാവിലെ ഈശ്വര പ്രാര്‍ത്ഥനയും കഴിഞ്ഞ് അല്‍പനേരം മാര്‍ക്കെറ്റിംഗ് ട്രെയിനിംഗ്. ആളുകളോട് എങ്ങനെ സംസാരിക്കണം, ഏതൊക്കെ തരത്തില്‍ അവരെ വല വീശണം എന്നൊക്കെയുള്ള ക്ലാസ്സ്‌.., അതിന് ശേഷം ഓരോരോ സ്ഥലങ്ങളിലേക്ക് വണ്ടിക്കൂലിയും തന്നു നമ്മളെ പറഞ്ഞ് വിടും. ചോറുണ്ണാന്‍ ഉള്ള കാശൊന്നും തരില്ല. അത് നമ്മുടെ കയ്യിലുള്ള സ്റ്റീമര്‍, തായ്ലാന്‍ഡ്‌ ബെഡ്ഷീറ്റ്, ഫെനോയില്‍ എസ്സെന്‍സ്‌, ഹോട്ട് ബോക്സ്, അങ്ങനെ ഓരോന്ന് വിറ്റ് നമ്മള്‍ തന്നെ ഉണ്ടാക്കണം. ഒന്നും വിറ്റില്ലെങ്കില്‍, കയ്യില്‍ വേറെ കാശും ഇല്ലെങ്കില്‍ അന്നത്തെ കാര്യം സ്വാഹ. അതുകൊണ്ട് തന്നെ എങ്ങനെ എങ്കിലും അന്നത്തിനുള്ള വക കണ്ടെത്താന്‍ നമ്മള്‍ ശ്രമിക്കേം ചെയ്യും.
ഷാഹിദ് ആണെങ്കില്‍ കൂടെ നടക്കുന്നവനെ വിറ്റ് തിന്നാന്‍ കഴിവുള്ള കക്ഷിയാണ്, പഠിച്ചതും മാര്‍ക്കെറ്റിംഗ്, അവന് ചെയ്യാന്‍ ആഗ്രഹം ഉള്ളതും മാര്‍ക്കെറ്റിംഗ് ആയത് കൊണ്ട് എന്നെക്കാളും നാലിരട്ടി മിടുക്കന്‍ എന്ന് നിസ്സംശയം പറയാം. 7 പീസ്‌ ആണ് ഒരു ദിവസത്തെ ടാര്‍ഗറ്റ്. അതായത് ഏതെങ്കിലും ഏഴ് ഐറ്റംസ് ദിവസവും വിറ്റിരിക്കണം. അവനത് എങ്ങനെയെങ്കിലും ഉച്ചയാകുമ്പോഴേക്കും ഒപ്പിക്കും. ഞാന്‍ ഏഴ് എത്താന്‍ ഒരു ദിവസം മുഴുവനെടുക്കും. ഞങ്ങള്‍ ചെന്ന ദിവസം തന്നെ രിംസിയ എന്ന് പേരുള്ള ഒരു പെണ്‍കുട്ടി കൂടി വന്നിരുന്നു ജോലിക്ക്. ഒരു ചാവക്കാട്കാരി ഇത്താത്ത. വീട്ടിലെ അവസ്ഥ കൊണ്ട് വന്നെത്തിച്ചതാണ് അവിടെ. ഞങ്ങളുടെ സ്ഥാപനത്തിന്‍റെ ഉടമയും ഭാര്യയും അവിടെ തന്നെ ആയിരുന്നു താമസിച്ചിരുന്നത്. ഒരു ഇരുനില വീട്ടില്‍, ഓഫീസും താമസവും എല്ലാം അവിടെ തന്നെ. മുകളില്‍ അവരും താഴെ ഞങ്ങളും. ഞങ്ങള്‍ എന്ന് വെച്ചാല്‍ ഞാനും ഷാഹിയും പിന്നൊരു സുനിലേട്ടനും, രിംസിയ അനിലിന്‍റെയും മോളി ചേച്ചിയുടെയും കൂടെ മുകളിലെ നിലയില്‍...
ആദ്യ ദിവസം ബാഗും തൂക്കി പുറത്തിറങ്ങുമ്പോള്‍ മനസ്സിലായി സംഭവം ഒരു നിസ്സാര ജോലിയല്ലെന്ന്. നനഞ്ഞ സ്ഥിതിക്ക് കുളിച്ച് കയറാം എന്ന നിലയില്‍ കാര്യങ്ങളെ ഉള്‍ക്കൊണ്ട് പുറപ്പെട്ടു. ആദ്യം കയറിയ വീട് മുതല്‍ കാര്യങ്ങളുടെ കിടപ്പ് നന്നായി മനസ്സിലാക്കി. ഞാനീ പറഞ്ഞ സാധനങ്ങള്‍ ഒക്കെ ആദ്യമായി കാണുന്നതായിരുന്നുവെങ്കിലും ചെല്ലുന്ന വീട്ടുകാര്‍ അങ്ങനെ ആയിരുന്നില്ല. എല്ലാവര്‍ക്കും ഒരുവിധം എല്ലാം നല്ല പരിചയമുണ്ട്. വില പേശല്‍, ക്വാളിറ്റി നോക്കല്‍ ഇതൊക്കെ കഴിയുമ്പോള്‍ സ്വാഭാവികമായും നമുക്കൊരു മടുപ്പ് വരും.. പിന്നെ എവിടെയെങ്കിലും കുറച്ചു നേരം വിശ്രമിക്കും.. പിന്നെയും കുന്നും മലയും ഒക്കെ കയറി ഇറങ്ങി ഏതെങ്കിലുമൊക്കെ വീട്ടില്‍ ചെന്നിട്ട് ചേച്ചീ.. ചേട്ടാന്ന് വിളിച്ച് ഓരോന്ന് പറയും അങ്ങനെ ദയ തോന്നി വല്ലവരും വല്ലതും വാങ്ങിയാല്‍ നന്ന്. ഫെനോയില്‍ എസ്സെന്‍സ് കയ്യിലുള്ളതൊക്കെ ഞാന്‍ വേഗം വിറ്റ് തീര്‍ക്കും. എന്നാലെ ഉച്ചക്ക് ഞംഞം അടിക്കാന്‍ വകുപ്പൊക്കൂ. തിരിച്ച് ഓഫീസ് എത്തുമ്പോള്‍ ഒരു പരുവമായിട്ടുണ്ടാകും.. ഷാഹിദ് അവന്‍റെ ടാര്‍ഗറ്റ് തികച്ചിട്ടുണ്ടാകും, പലപ്പോഴും അതില്‍ കൂടുതല്‍ ഒന്നോ രണ്ടോ ഐറ്റം വിറ്റിട്ടുണ്ടാകും. രിംസിയ എന്നും പത്തില്‍ കൂടുതല്‍ വില്‍ക്കും. അതൊര് മൊതല് തന്ന്യാ.. മൊതലയല്ല. എന്നാലും ചില കള്ളകളികള്‍ ഇല്ലേന്നൊരു സംശയം എനിക്ക് തോന്നാതിരുന്നില്ല. ഞാന്‍ മാത്രം കൃത്യം ഏഴില്‍ നില്‍ക്കും.. അതില്‍ കൂടുകയുമില്ല കുറയുകയുമില്ല. അങ്ങനെ ദിവസങ്ങള്‍ മെല്ലെ മെല്ലെ നീങ്ങി..
-- --
ഭാഗം 2.
-- --
എനിക്ക് അവിടം മതിയായി.. പക്ഷെ പെട്ടെന്ന് പോവാന്‍ ഒരു കാരണം കിട്ടുന്നുംല്ലാ.. ഒരു ദിവസം ടാര്‍ഗറ്റിന് മീതെ ഓരോന്ന് വിറ്റപ്പോള്‍ കിട്ടിയ ലാഭം കൊണ്ട് മൊബൈല്‍ റീ ചാര്‍ജ് ചെയ്തു. കോട്ടയത്തുള്ള ന്‍റെ സുഹൃത്തിനെ വിളിച്ചു. അവന്‍ വഴി പത്താം ക്ലാസ്സ്‌ കഴിഞ്ഞ ഇടവേളയില്‍ ജോലി ചെയ്ത ഒരു ബാഗ്‌ കമ്പനിയില്‍ ജോലി ശരിയാക്കി. തിരിച്ച് ഓഫീസില്‍ വന്ന ഉടനെ ഷാഹിദിനോട് പറഞ്ഞു ഞാന്‍ നാട്ടില്‍ പോവാണ് എന്ന്, പോവേണ്ട അത്യാവശ്യം ഉണ്ടെന്നും പറഞ്ഞു. കൂടുതലൊന്നും അവന്‍ ചോദിയ്ക്കാന്‍ നിന്നില്ല. എനിക്ക് അവിടം മതിയായ കാര്യം അവനും മനസ്സിലായതാണ്.. എന്നാലും അവന്‍ ചോദിച്ചു.. നീ തിരിച്ചു വരില്ലേ.. ? ഓ!! പിന്നേ... എന്നും പറഞ്ഞ് കൊണ്ട് രണ്ട് ദിവസത്തെ ലീവും ചോദിച്ച് അവിടെ നിന്നും മുങ്ങി. പിന്നെ പൊങ്ങിയത് കോട്ടയത്തെ മാര്‍വല്‍ എന്ന ബാഗ്‌ കമ്പനിയില്‍ .. അവിടെ നിന്നും ഷാഹിദിന്‍റെ നമ്പറില്‍ വിളിച്ചിട്ട് കാര്യം പറഞ്ഞു. "എടാ ചെറ്റേ..." എന്നവന്‍ പറഞ്ഞത് ദാ ഇപ്പഴും കാതില്‍ മുഴങ്ങുന്നുണ്ട്. പിന്നെ കുറച്ച് ദിവസം കൂടി കഴിഞ്ഞപ്പോള്‍ അവനും സുനിലേട്ടനും കൂടി അവിടെ നിന്ന് മുങ്ങി.. അവരും പൊങ്ങിയത് കോട്ടയത്ത് തന്നെ, പക്ഷെ അവര്‍ സ്വന്തമായി ഡയറക്റ്റ് മാര്‍ക്കെറ്റിംഗ് ബിസിനെസ് തുടങ്ങാന്‍ ആയിരുന്നു പൊങ്ങിയത്.
ഹെല്‍പ്പര്‍ ആയി നിന്നിരുന്ന ബാഗ്‌ കമ്പനിയില്‍ മെഷീന്‍ പണിക്ക് തന്നെ കയറിപ്പറ്റി. പുതിയ മോഡല്‍ ബാഗുകളും മറ്റും അടിക്കാന്‍ പഠിക്കാന്‍ കഴിഞ്ഞു. ഹെല്‍പ്പര്‍ ജോലിയില്‍ നില്‍ക്കുമ്പോള്‍ ജോലിയിലെ വേഗം മറ്റുള്ളവര്‍ക്ക് ജോലി പറഞ്ഞ് കൊടുക്കാനും സഹ ഹെല്‍പ്പര്‍മാരുടെ മുന്‍പില്‍ ഇച്ചിരി അഹങ്കാരം കാണിക്കാനും സഹായിച്ചു. അങ്ങനെ കുറച്ചു ദിവസങ്ങള്‍ ഇവിടെ നിരങ്ങി നീങ്ങുന്നതിനിടയില്‍ ഒരു ദിവസം അപ്രതീക്ഷിതമായി ഒരു കാള്‍ വന്നു. 'രിംസിയാ'..
അവള്‍ക്ക് അവിടെ സ്ഥാനകയറ്റം ലഭിച്ചിരിക്കുന്നു. ഇപ്പോള്‍ ഓഫീസ് ജോലി മാത്രമാണ്. അതിനിടയില്‍ വെറുതെ ഇരുന്നപ്പോള്‍ എന്നെ ഒന്ന് വിളിച്ച് നോക്കിയതാണ്.. ഇതിനിടയില്‍ എപ്പോഴോ എനിക്കും അങ്ങോട്ടേക്ക് വിളിക്കണം എന്ന് തോന്നിയിരുന്നു. കാരണം എന്താന്ന്വെച്ചാ ന്‍റെ 'ഇത്താത്തകുട്ടീം ഞാനും ഞങ്ങടെ പ്രണയോം' എന്ന ബ്ലോഗ്‌ പോസ്റ്റില്‍ ഞാനൊരു കീ ചെയിനിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.. ഞങ്ങളുടെ പ്രണയത്തില്‍ ന്‍റെ കയ്യില്‍ ബാക്കിയായ ഏക വസ്തു. ഒരു ലൌ ചിഹ്നത്തിന്‍റെ ആകൃതിയുള്ള ഉള്ളില്‍ ജെല്ലിയൊക്കെ ഉള്ള ഒരു നല്ല കീചെയിന്‍., അത് ഞാന്‍ മഞ്ചേരിയില്‍ മിസ്സ്‌ ചെയ്തിരുന്നു. എങ്ങനെയെങ്കിലും അതൊന്ന് എടുക്കണം എന്ന് കരുതിയിരുന്നു.. പക്ഷെ എങ്ങനെ ? രിംസിയയുടെ കാള്‍ നല്ല സമയത്താണ് വന്നത്. എന്‍റെ ഒരു കീചെയിന്‍ അവിടെ ഉണ്ടല്ലോ എന്ന് അവള്‍ ഇങ്ങോട്ട് പറഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല.. ഞാന്‍ അങ്ങോട്ട് തന്നെ വരട്ടെ എന്ന് ചോദിച്ചു. നീ രാത്രി വിളിക്ക് ഞാന്‍ അനിലിനോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞ് അവള്‍ ഫോണ്‍ വെച്ചു. ഞാന്‍ തിരിച്ചു പോകുന്ന കാര്യം ഷാഹിയോട് പറഞ്ഞൊന്നുമില്ല. അങ്ങനെ മാര്‍വലില്‍ നിന്ന് പെട്ടിയും പ്രമാണവും എടുത്ത് വീണ്ടും മഞ്ചേരിക്ക്.
മുങ്ങിയിട്ട് എന്താ പിന്നെയും വന്നത് എന്ന് ചോദിച്ചു അനില്‍, എന്തൊക്കെ കള്ളമാണ് തിരിച്ചു പറഞ്ഞത് എന്നോര്‍മ്മയില്ല, പറഞ്ഞത് മുഴുക്കെയും കള്ളമായിരുന്നു എന്നത് തന്നെ കാരണം. അവിടെ തിരിച്ചെത്തിയ ഉടന്‍ ആദ്യം ചെയ്തത് ആ കീ ചെയിന്‍ തിരഞ്ഞെടുക്കലായിരുന്നു. അത് കയ്യിലെത്തിയപ്പോള്‍ എന്തോ വല്ലാത്തൊരു ആശ്വാസം തോന്നി... അടുത്ത ദിവസം മുതല്‍ വീണ്ടും പഴയത് പോലെ ബാഗും തൂക്കി തെണ്ടാനിറങ്ങി. ആദ്യ രണ്ടു ദിവസം പഴയത് പോലെ തന്നെ അവസ്ഥ.. കാര്യമായി ഒന്നും തടഞ്ഞില്ല. അനില്‍ എനിക്ക് ട്രെയിനിംഗ് തരാന്‍ വേണ്ടി രിംസിയയെ കൂടെ വിടാന്‍ തീരുമാനിച്ചു. അവള്‍ ചെയ്യുന്നതൊക്കെ കണ്ടു പഠിക്കാന്‍ പറഞ്ഞു എന്നോട്. അപ്പറഞ്ഞത് എനിക്ക് തീരെ ഇഷ്ടമായില്ലെങ്കിലും അടുത്ത ദിവസം അവളെയും കൂടെ കൂട്ടാന്‍ തീരുമാനിച്ചു. അപ്പോഴാണ്‌ ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത് അന്ന് അവള്‍ കൂടെ വരുന്നത് കൊണ്ട് ബാഗില്‍ വെച്ച സാധങ്ങളില്‍ ഒരു മാറ്റം. അതില്‍ കൂടുതലും തായ്ലാന്‍ഡ്‌ ബെഡ്ഷീറ്റ്. ഓരോ വീട്ടിലും കയറി ഇറങ്ങുമ്പോഴാണ് അതിന് പിന്നിലെ ഗുട്ടന്‍സ് എനിക്ക് പിടി കിട്ടിയത്.. ബെഡില്‍ വിരിക്കാനുള്ള ഷീറ്റ് ഗൃഹനാഥന്മാരുടെ നെഞ്ചത്ത് വല്ല സാരിയും ചേല് നോക്കുന്നത് പോലെ വിരിച്ച് കാണിച്ച് കൊണ്ടാണ് അവള്‍ ടാര്‍ഗെറ്റ് തികച്ചിരുന്നത്. അങ്ങനൊക്കെ ചെയ്താ ആരാ വാങ്ങാതിരിക്കുക .. ? ഉച്ചയായപ്പോഴേക്കും ബാഗ്‌ പാതി കാലി. ഞാനൊരു ആണ്‍കുട്ടി ഏതെങ്കിലും വീട്ടില്‍ ചെന്ന് രിംസിയ ചേട്ടന്മാരുടെ നെഞ്ചത്ത് ചെയ്യുന്ന പോലെ ചേച്ചിമാരുടെയോ ചേട്ടന്മാരുടെയോ നെഞ്ചത്ത് ഇതുപോലെ ഷീറ്റ് വിരിച്ചാല്‍ ഈ ജന്മത്ത് ടാര്‍ഗെറ്റ് തികയ്ക്കാന്‍ പറ്റില്ലെന്ന് എനിക്കുറപ്പായി. അവള്‍ ഉച്ചയ്ക്ക് തന്നെ ഓഫീസിലേക്ക് തിരിച്ചു പോയി. ഞാന്‍ പിന്നെയും ഒന്ന് രണ്ടു സ്ഥലങ്ങളില്‍ കൂടി കറങ്ങി നാലഞ്ച് ഐറ്റംസ് കൂടി വിറ്റു. അന്ന് നല്ല കച്ചവടമുള്ള ദിവസമായിരുന്നു..
തിരിച്ചു ഓഫീസില്‍ ( വീട്ടില്‍ ) ചെല്ലുമ്പോള്‍ അവള്‍ തനിച്ചായിരുന്നു.. അനിലിന്‍റെ മകന്‍, ജിത്തൂട്ടന്‍ എന്നായിരുന്നു അവനെ വിളിച്ചിരുന്നതെന്ന് തോന്നുന്നു. ഒരു UKG പയ്യന്‍, അവന്‍ മാത്രമായിരുന്നു രിംസിയക്ക് കൂട്ട്. മോളി ചേച്ചിയുടെ വീട്ടില്‍, വടകരയില്‍ ഒരു കല്യാണം കൂടാന്‍ പോയതായിരുന്നു അവര്‍., വൈകിട്ട് അവര്‍ രിംസിയയെ വിളിച്ചു പറഞ്ഞു ഇന്നവര്‍ വരില്ലെന്നും മിക്കവാറും അടുത്ത ദിവസം പുലര്‍ച്ചെ മാത്രേ എത്താന്‍ സാധ്യതയുള്ളൂ എന്നും. അന്ന് ആ വീട്ടില്‍ ഞാനും രിംസിയയും ജിത്തൂട്ടനും മാത്രം!!
രണ്ടു വ്യത്യസ്തരായ ആണും പെണ്ണും ഒരു വീട്ടില്‍ തനിച്ചു താമസിച്ചാല്‍ എന്തൊക്കെ സംഭവിക്കും ? താഴത്തെ ഹാളില്‍ ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന്‍ കൊണ്ട് ഞങ്ങള്‍ കുറേ സംസാരിച്ചു. അവള്‍ കയ്യില്‍ ഒരു തൂവാലയില്‍ എംബ്രോയിഡറി ചെയ്തു കൊണ്ടിരുന്നു കുറേ നേരം. ജിത്തൂട്ടന്‍ കുറച്ചു നേരം താഴെ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. പിന്നെ അവള്‍ അവന് ഭക്ഷണം കൊടുത്ത് മുകളില്‍ കൊണ്ട് പോയി കിടത്തി ഉറക്കി തിരിച്ചു വന്നു. വീണ്ടും കുറേ നേരം സംസാരിച്ചിരുന്നു ഒരു പതിനൊന്നര വരെ അങ്ങനെ ഇരുന്നു. ഇരുനിറമുള്ള, കാണാന്‍ ഒരു പ്രത്യേക ഭംഗിയുള്ള രിംസിയയെ ഞാന്‍ ആ രീതിയില്‍ ശ്രദ്ധിച്ചത് ആദ്യമായിട്ടായിരുന്നു. ആത്മനിയന്ത്രണത്തെ പരീക്ഷിച്ച മണിക്കൂറുകള്‍., ഭക്ഷണം കഴിച്ചതിന് ശേഷവും വേറെ എന്തെങ്കിലും പറയാനുണ്ടോ, ഉറക്കം വരുന്നുണ്ടോ എന്നൊക്കെ ചോദിച്ചും പറഞ്ഞും പിന്നെയും കുറേ സമയം കളഞ്ഞു. പിന്നെ ഒടുക്കം ഒരു കള്ള ചിരിയോടെ അവള്‍ മുകളിലേക്ക് ഉറങ്ങാന്‍ പോയി.. ഞാന്‍ താഴെയും. സത്യം പറഞ്ഞാല്‍ ന്‍റെ മനസ്സിന് എത്രത്തോളം ചീത്തയാവാന്‍ കഴിയും എന്ന് ഞാന്‍ ആദ്യമായി തിരിച്ചറിഞ്ഞ ദിവസമായിരുന്നു അന്ന്.
അടുത്ത ദിവസവും അതുപോലെ മറ്റൊരു തിരിച്ചറിവിന്‍റെ ദിവസമായിരുന്നു. അന്ന് പതിവ് പോലെ ബാഗും തൂക്കി ഇറങ്ങിയത് തൃപ്പനച്ചി എന്ന സ്ഥലത്തേക്കായിരുന്നു. മൂന്നര മണി വരെ കറങ്ങിത്തിരിഞ്ഞിട്ടും വെറും ഇരുപത് രൂപയുടെ സെയില്‍സ് മാത്രമാണ് നടന്നത്. മാനസികമായി ഞാന്‍ ആകെ തളര്‍ന്നു. ഉച്ചയ്ക്ക് ആകെ കഴിച്ചത് ഒരു ഗ്ലാസ് നാരങ്ങവെള്ളം. ഒന്നുകില്‍ ഒരു നല്ല കച്ചവടം ചെയ്യുക, അല്ലെങ്കില്‍ ഈ പണി ഇന്നത്തോടെ നിര്‍ത്തുക എന്നൊരു തീരുമാനത്തില്‍ ഞാനെത്തി. അങ്ങനെ തീരുമാനിച്ചതിന് ശേഷം ആദ്യം കണ്ട വീട്ടിലേക്ക് കയറുമ്പോള്‍ ഞാന്‍ മനസ്സില്‍ ഉറച്ചൊരു തീരുമാനം എടുത്തിരുന്നു. ഒന്നുകില്‍ ഒരു സെയില്‍സ് അല്ലെങ്കില്‍ ഇതവസാനിപ്പിക്കുക. ഒരില്ലം പോലെ തോന്നിച്ച ആ വീട്ടിലേക്ക് ചെന്നു കയറിയപ്പോള്‍ സിറ്റൌട്ടില്‍ എന്തോ പുസ്തകം വായിച്ചിരുന്ന പ്രായമായൊരാളെ കണ്ടു. മുഖത്ത് ഒരു ചിരി വരുത്താന്‍ ഞാന്‍ ഏറെ പ്രയാസപ്പെട്ടു.
"സര്‍ ഞാന്‍ മഞ്ചേരിയിലെ ലൈഫ് സിറ്റി എന്ന് പേരുള്ള ഡയറക്റ്റ് മാര്‍ക്കെറ്റിംഗ് സ്ഥാപനത്തില്‍ നിന്നും വരികയാണ്. സാധാരണ മാര്‍ക്കെറ്റില്‍ കിട്ടാത്ത അനേകം ഉത്പന്നങ്ങള്‍ ഞങ്ങളുടെ കൈവശമുണ്ട്. ഇതൊന്ന് നോക്കൂ.... " എന്നും പറഞ്ഞ്കൊണ്ട് ഞാന്‍ സ്റ്റീമര്‍ കാണിച്ചു കൊടുത്തു. അദ്ദേഹം ന്‍റെ മുഖത്തേക്കൊന്ന് നോക്കി. ഇവിടാരും ഇല്ല. ഒന്നും വേണ്ടാ ട്ടോ എന്ന് പറഞ്ഞു. ഞാന്‍ ഒരു ഹോട്ട്ബോക്സ് എടുത്ത് കാണിച്ചിട്ട് പറഞ്ഞു "സര്‍ ഇതെങ്കിലും ഒന്ന് നോക്കൂ.." "ഇതൊന്നും കാണിച്ചിട്ടും ഒരു കാര്യമില്ല. ഒന്നും വാങ്ങാന്‍ എന്‍റെ കയ്യില്‍ കാശില്ല." എന്നായി അദ്ദേഹം. ഞാന്‍ ആകെ നിരാശനായി. "അപ്പോള്‍ സാറിനും ഒന്നും വേണ്ടല്ലേ" എന്ന് മനസ്സില്‍ പറഞ്ഞ് കൊണ്ട് ഞാന്‍ തിരിഞ്ഞു നടന്നു. പക്ഷെ എന്‍റെ ആത്മഗതം അല്പം ഉറക്കെയായോ എന്നൊരു സംശയം. ഞാന്‍ തിരിഞ്ഞു നടന്നപ്പോള്‍ ന്‍റെ കണ്ണില്‍ നിന്നും കണ്ണീര്‍ പൊടിഞ്ഞ് തുടങ്ങിയിരുന്നു. അവിടെ എന്തെങ്കിലും വില്‍ക്കാന്‍ കഴിയും എന്ന വിശ്വാസവും തകര്‍ന്നടിഞ്ഞപ്പോള്‍ കരയാതിരിക്കുന്നതെങ്ങനെ !! ?
ഞാന്‍ കണ്ണുനീര്‍ തുടയ്ക്കുന്നത് അദ്ദേഹം കണ്ടുവോ ? കുട്ടീ നില്‍ക്കൂ.. എന്ന് അദ്ദേഹം പുറകില്‍ നിന്നും വിളിച്ചു. എനിക്ക് നിറഞ്ഞ കണ്ണുകളുമായി അദ്ദേഹത്തെ അഭിമുഖീകരിക്കാന്‍ കഴിയാതിരുന്നത് കൊണ്ട് ഞാന്‍ നിന്നില്ല. എന്നാല്‍.. ആ മനുഷ്യന്‍ എന്‍റെ പുറകിലൂടെ ഓടി വന്നു എന്നെ പിടിച്ചു നിര്‍ത്തി. അപ്പോഴേക്കും ഞാന്‍ പൊട്ടി കരഞ്ഞു തുടങ്ങിയിരുന്നു. എല്ലാം ന്‍റെ നിയന്ത്രണത്തില്‍ നിന്നും പോയി. എന്നെ നിര്‍ബന്ധിച്ച് പിടിച്ച് വലിച്ച് കൊണ്ട് വീട്ടില്‍ കൊണ്ട് പോയിരുത്തി. കുടിക്കാന്‍ ഒരു ഗ്ലാസ്‌ വെള്ളം തന്നു. എന്നിട്ട് ചോദിച്ചു എന്തുപറ്റി ഇന്ന് സെയില്‍സ് ഒന്നും നടന്നില്ലേ ? ഇല്ലെന്നും, പൊതുവേയുള്ള അവസ്ഥയും ഒക്കെ ഞാന്‍ പറഞ്ഞു. ഞങ്ങള്‍ കുറേ നേരം സംസാരിച്ചിരുന്നു. ജീവിതത്തിലെ ഏറ്റവും നല്ല മാര്‍ക്കെറ്റിംഗ് ക്ലാസ്സ്‌ എനിക്ക് കിട്ടിയത് അവിടെ വെച്ചായിരുന്നു. ഒരു നല്ല സെയില്‍സ്മാന്‍ എത്രത്തോളം ശുഭാപ്തി വിശ്വാസം ഉള്ളവനായിരിക്കണം എന്ന് എനിക്കദ്ദേഹം പറഞ്ഞു തന്നു. ഓരോ കസ്റ്റമേര്‍സും എത്രത്തോളം വിലപ്പെട്ടതാണെന്നും, എന്തൊരു കാര്യത്തെയും പോസിറ്റീവ് ആയി എടുക്കണമെന്നും പറഞ്ഞു തന്നു. നടക്കാനുള്ളത് already നടന്നു കഴിഞ്ഞു.. അതിനെയോര്‍ത്ത് വിലപിക്കുന്നതില്‍ അര്‍ത്ഥമില്ല. അപ്പോള്‍ നടക്കാനിരിക്കുന്നതില്‍ പലതിലും നമുക്ക് മാറ്റം കൊണ്ടുവരാന്‍ കഴിയും. നമ്മള്‍ അവയെ സമീപിക്കുന്ന രീതിയില്‍ ചെറിയ മാറ്റം വരുത്തിയാല്‍ മതിയെന്നും പറഞ്ഞു. എല്ലാം കഴിഞ്ഞ് പിരിയാന്‍ നേരം ന്‍റെ കയ്യില്‍ നിന്ന് ഒരു ഫെനോയില്‍ എസ്സെന്‍സ്‌ വാങ്ങുമ്പോള്‍ എന്നോടദ്ദേഹം പറഞ്ഞു. ഇത് ഇന്നത്തെ കൈനീട്ടമായി കരുതുക. നിങ്ങള്‍ ഇന്നത്തെ കച്ചവടം ഇവിടെ തുടങ്ങുകയാണെന്ന് കരുതുക. നല്ലത് വരട്ടെ... ഇത്രയും പറഞ്ഞ് ഗേറ്റ് വരെ എന്നോടൊപ്പം വന്ന് മടങ്ങി. അതിനടുത്ത് തന്നെയുള്ള ബസ്‌ സ്റ്റോപ്പില്‍ ഇരുന്ന് ഞാന്‍ ഒരു വട്ടം കൂടെ ചിന്തിച്ചു. ആ മനുഷ്യന്‍റെ കൂടെ ചിലവഴിച്ച നിമിഷങ്ങള്‍ എനിക്ക് മറ്റൊരു ഊര്‍ജ്ജം പകര്‍ന്നുതന്നിരുന്നു. ആ ഊര്‍ജ്ജമാണ് എന്നെ പിന്നെ മുന്നോട്ട് നയിച്ചത്. അപ്പോഴേക്കും സമയം നാലരയായിരുന്നു. തിരിച്ച് ഓഫീസിലേക്ക് മടങ്ങാന്‍ ഇനിയും ഒന്നര മണിക്കൂര്‍. , അദ്ദേഹം പകര്‍ന്ന് നല്‍കിയ പാഠങ്ങളില്‍ നിന്നും കൈവന്ന ഊര്‍ജ്ജം കൊണ്ട് ആ ഒന്നര മണിക്കൂറിനുള്ളില്‍ ഞാന്‍ എന്‍റെ കയ്യിലുള്ള ഒന്‍പത് ഐറ്റം വിറ്റ്‌ തീര്‍ത്ത് കൊണ്ടാണ് തൃപ്പനച്ചിയില്‍ നിന്നും മടങ്ങിയത്.
തിരിച്ച് ഓഫീസില്‍ എത്തിയതിന് ശേഷം ആ ജോലി നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു, അപ്പോഴും ഒരു കള്ളം പറഞ്ഞ് കൊണ്ട് പോകാന്‍ എനിക്ക് തോന്നിയില്ല. ഞാന്‍ രിംസിയയോട് മോളി ചേച്ചിയോടും സത്യം പറഞ്ഞു. ഞാന്‍ കീ ചെയിന്‍ എടുക്കാന്‍ വേണ്ടി മാത്രം തിരിച്ചു വന്നതാണെന്നും. എനിക്ക് തിരിച്ചു പോകണമെന്നും ഇതുവരെയുള്ള ദിവസത്തെ കൂലി പോലും വേണ്ടെന്നും പറഞ്ഞു. കയ്യില്‍ ഒരു നൂറു രൂപ ഉണ്ടായിരുന്നു.. അന്നേ ദിവസത്തെ എന്‍റെ കമ്മീഷന്‍
ബാഗ്‌ പാക്ക് ചെയ്ത് അവിടെ നിന്നും മടങ്ങുമ്പോള്‍ സമയം ഒന്‍പത് മണികഴിഞ്ഞു. അരീക്കോട് വഴി കാരന്തൂരിലേക്ക് പോകാം എന്ന് കരുതി മഞ്ചേരിയില്‍ നിന്നും അരീക്കോടേക്ക് ബസ്‌ കയറി. എന്നാല്‍ അരീക്കോട് എത്തിയപ്പോള്‍ ഒന്ന് മനസ്സിലായി.. ഇനി കോഴിക്കോട് ഭാഗത്തേക്ക് ബസ്സില്ല. കയ്യിലുള്ള കാശ് കൊണ്ട് ഭക്ഷണവും കഴിച്ചത് കൊണ്ട് ഓട്ടോ വിളിച്ചൊന്നും പോകാനും കഴിയില്ല. അധികമൊന്നും ആലോചിക്കാതെ ഞാന്‍ നടന്നു. വഴി ചോദിച്ച് ചോദിച്ച് നടന്നു.. ചെറുതായി മഴ പൊടിഞ്ഞിരുന്നു. വഴിയില്‍ പല ബൈക്കുകള്‍ക്കും കൈ കാണിച്ചുവെങ്കിലും ഒരാള്‍ മാത്രമാണ് ഒരു നാലഞ്ച് കിലോമീറ്റര്‍ ദൂരം ലിഫ്റ്റ്‌ തന്നത്. ബാക്കി വരുന്ന ഇരുപത്തിയഞ്ചു കിലോമീറ്റര്‍ ദൂരം ഞാന്‍ ഒറ്റയ്ക്ക് നടന്ന് തീര്‍ത്തു. ഒടുവില്‍ വീടിനടുത്ത് എത്താന്‍ ആയപ്പോഴേക്കും മഴ കനത്ത് തുടങ്ങിയിരുന്നു. വീട്ടില്‍ പോകുന്നതിന് പകരം മുന്‍പ് ജോലി ചെയ്ത ബ്രെഡ്‌ കമ്പനിയില്‍ പോയി.. ജനലിലൂടെ അതിനകത്ത് കിടന്നുറങ്ങിയ മുതലാളിയെ കല്ലെറിഞ്ഞ് ഉണര്‍ത്തി. മഴയത്ത് ഞാന്‍ കുറേ വിളിച്ചെങ്കിലും പുള്ളി ഉണര്‍ന്നില്ല. അത് കൊണ്ടാണ് കല്ലെറിയാന്‍ തീരുമാനിച്ചത്. അങ്ങനെ അന്നവിടെ കിടന്നു. രാവിലെ വീട്ടിലേക്ക് ചെന്നു. എല്ലാം നിര്‍ത്തി പോന്നതാണെന്ന് അമ്മയോട് പറഞ്ഞു. അപ്പോഴും ഒരു ചോദ്യം ബാക്കിയായി.. ഇനിയെന്ത്.. ?!!